Wednesday 13 February, 2008

ഒരു പ്രണയകാലത്തിന്റെ ഓര്‍മ്മ

അന്നു വാലന്‍‌റ്റയിന്‍സ് ഡേ ഇല്ല. എല്ലാ ദിനങ്ങളും പ്രണയദിനങ്ങളായിരുന്നു. ആലുവാ യു.സി.കോളേജിന്‍‌റ്റെ അതിമനോഹരമായ കാമ്പസില്‍, നൂറ്റാണ്ടു പഴക്കമുള്ള മഹാഗണിമരങ്ങള്‍ക്കു ചുവട്ടില്‍ പ്രണയത്തിന്റെ നിമിഷങ്ങള്‍ മഴവില്ലുകള്‍ തീര്‍ത്ത കാലം. ഹൃദയത്തിന്‍‌റ്റെ താളുകളില്‍ ഒ.എന്‍.വിയുടെയും സുഗതകുമാരിയുടെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍‌റ്റെയുമൊക്കെ പ്രണയകവിതകള്‍ നിറഞ്ഞുനിന്ന കാലം.
അന്നു ചുരിദാര്‍ ഇല്ല. പാവാടയും സാരിയും ഹാഫ് സാരിയും. ഏഴായിരം വര്‍ണ്ണങ്ങള്‍ വിരിയുന്ന ലോകം. യുവജനോത്സവം.വൈക്കം ചന്ദ്രശേഖരന്‍നായര്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നു: സുന്ദരികളേ, സുന്ദരന്‍‌മാരേ....കരഘോഷത്തില്‍ മുങ്ങിപ്പോകുന്ന വാക്കുകള്‍.
പെരുമ്പറകൊട്ടുന്ന ഹൃദയത്തോടെ ഞാനും ഒരു സുന്ദരിയുടെ മുന്നില്‍ നിന്നിട്ടുണ്ട്. അവളുടെ പുഞ്ചിരി ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായി ഏറ്റുവാങ്ങി ആത്മാവില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്നു വാലന്‍‌റ്റയിന്‍സ് ഡേ. ആത്മാവിന്റെ പുസ്തകത്താളുകള്‍ക്കിടയില്‍ സൂക്ഷിച്ച ആ മയില്‍പ്പീലി ഞാന്‍ വിഷാദത്തോടെ എടുത്തുനോക്കുന്നു. ഈ പ്രണയദിനത്തിന് ഞാന്‍ നഷ്ടപ്രണയത്തിന്‍‌റ്റെ ഒരു കണ്ണുനീര്‍ത്തുള്ളി സമര്‍പ്പിക്കുന്നു.