Saturday, 8 March 2008

കണ്ണൂരിലെ കൊലകള്‍

കണ്ണൂരില്‍ കൊല്ലുന്നതും കൊല്ലപ്പെടുന്നതും ദരിദ്രരായ മനുഷ്യരാണ്. തൊഴിലാളികളോ തൊഴില്‍‌രഹിതരോ ആയ ദരിദ്രര്‍. കണ്ണൂരിലെ കൊലയാളിരാഷ്ട്രീയക്കാരോട് ഒരപേക്ഷ. അല്ലെങ്കില്‍ ഒരു വെല്ലുവിളി. നിങ്ങള്‍ എതിര്‍പാര്‍ടിയിലെ നാലു പണക്കാരെ കൊല്ലുക. അപ്പോള്‍ അവസാനിക്കും കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം.
പ്രാദേശികമായ ആധിപത്യത്തിനുവേണ്ടി സംസ്ഥാനനേതൃത്വത്തിന്‍‌റ്റെ അറിവോടെ പ്രാദേശിക നേതാക്കള്‍ ആസൂത്രണം ചെയ്യുന്നതാണു കണ്ണൂരിലെ കൊലകള്‍. ദരിദ്രരായ മനുഷ്യര്‍ പണക്കാരെ കൊല്ലാന്‍ തയ്യാറാകുന്നതുവരെ കണ്ണൂരിലെ അക്രമങ്ങള്‍ തുടരും. എന്നു പണക്കാര്‍ കൊല്ലപ്പെടാന്‍ തുടങ്ങുന്നുവോ അന്നു കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിക്കും.

Wednesday, 13 February 2008

ഒരു പ്രണയകാലത്തിന്റെ ഓര്‍മ്മ

അന്നു വാലന്‍‌റ്റയിന്‍സ് ഡേ ഇല്ല. എല്ലാ ദിനങ്ങളും പ്രണയദിനങ്ങളായിരുന്നു. ആലുവാ യു.സി.കോളേജിന്‍‌റ്റെ അതിമനോഹരമായ കാമ്പസില്‍, നൂറ്റാണ്ടു പഴക്കമുള്ള മഹാഗണിമരങ്ങള്‍ക്കു ചുവട്ടില്‍ പ്രണയത്തിന്റെ നിമിഷങ്ങള്‍ മഴവില്ലുകള്‍ തീര്‍ത്ത കാലം. ഹൃദയത്തിന്‍‌റ്റെ താളുകളില്‍ ഒ.എന്‍.വിയുടെയും സുഗതകുമാരിയുടെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍‌റ്റെയുമൊക്കെ പ്രണയകവിതകള്‍ നിറഞ്ഞുനിന്ന കാലം.
അന്നു ചുരിദാര്‍ ഇല്ല. പാവാടയും സാരിയും ഹാഫ് സാരിയും. ഏഴായിരം വര്‍ണ്ണങ്ങള്‍ വിരിയുന്ന ലോകം. യുവജനോത്സവം.വൈക്കം ചന്ദ്രശേഖരന്‍നായര്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നു: സുന്ദരികളേ, സുന്ദരന്‍‌മാരേ....കരഘോഷത്തില്‍ മുങ്ങിപ്പോകുന്ന വാക്കുകള്‍.
പെരുമ്പറകൊട്ടുന്ന ഹൃദയത്തോടെ ഞാനും ഒരു സുന്ദരിയുടെ മുന്നില്‍ നിന്നിട്ടുണ്ട്. അവളുടെ പുഞ്ചിരി ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായി ഏറ്റുവാങ്ങി ആത്മാവില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്നു വാലന്‍‌റ്റയിന്‍സ് ഡേ. ആത്മാവിന്റെ പുസ്തകത്താളുകള്‍ക്കിടയില്‍ സൂക്ഷിച്ച ആ മയില്‍പ്പീലി ഞാന്‍ വിഷാദത്തോടെ എടുത്തുനോക്കുന്നു. ഈ പ്രണയദിനത്തിന് ഞാന്‍ നഷ്ടപ്രണയത്തിന്‍‌റ്റെ ഒരു കണ്ണുനീര്‍ത്തുള്ളി സമര്‍പ്പിക്കുന്നു.

Saturday, 26 January 2008

പവ്വത്തില്‍ പിതാവിന്‍‌റ്റെ വര്‍ഗ്ഗീയത

ക്രിസ്ത്യന്‍ കുട്ടികളെ ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലേ പഠിപ്പിക്കാവു എന്നു പിതാവു പറയുന്നു. ക്രിസ്ത്യാനികളുമായി യാതൊരു സഹകരണവും വേണ്ട എന്നു മറ്റ് സമുദായക്കാര്‍ തീരുമാനിച്ചാലോ? ഇന്ത്യയില്‍ ഭൂരിപക്ഷം ജനങ്ങള്‍ പവ്വത്തില്‍ പിതാവിന്‍‌റ്റെ മനോഭാവക്കാരായിരുന്നുവെങ്കില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്നു ലഭിക്കുന്ന അവകാശാധികാരങ്ങള്‍ ലഭിക്കുമായിരുന്നോ? ഇന്ത്യന്‍ ഭരണഘടന ഉണ്ടാക്കിയവരിലെ ഭൂരിപക്ഷമായിരുന്ന ഹിന്ദുക്കള്‍ പവ്വത്തില്പിതാവിന്‍‌റ്റെ മനോഭാവക്കാരായിരുന്നെങ്കില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ഗതി എന്താകുമായിരുന്നു? കടുത്ത വര്‍ഗ്ഗ്ഗ്ഗീയവാദികളായ ക്രിസ്തീയപുരോഹിതര്‍ മറ്റു സമുദായക്കാരെക്കൂടി വര്‍ഗ്ഗീയവാദികളാകാന്‍ പ്രേരിപ്പിക്കുന്നു. കഷ്ടം.

Friday, 19 October 2007

ക്രൈസ്തവ നേതൃത്വത്തിന്റെ കുടിലതന്ത്രം

ഇന്‍ഡോ-അമേരിക്കന്‍ ആണവകരാര്‍ ഒപ്പുവെച്ചാല്‍ ഇന്ത്യയുടെ വിദേശനയവും ആണവനയവും അമേരിക്കയുടെ നിയന്ത്രണത്തിലാവും. ഫലത്തില്‍ NATO, Nuclear Non Proliferation Treaty എന്നിവയില്‍ ഒപ്പുവെച്ചാലെന്നപോലെയാകും. രാജ്യത്തിന്റെ പരമാധികാരം ആത്യന്തികമായി അമേരിക്കയ്ക്ക് അടിയറ വെയ്ക്കപ്പെടും. ഇറ്റാലിയന്‍പൌരത്വമുള്ള, പോ‍പ്പിന്റെ സ്വന്തക്കാരിയായ, ക്രിസ്ത്യാനിയായ, അമേരിക്കന്‍ പക്ഷപാതിയായ സോണിയാഗാന്ധിയുടെ താല്പര്യമാണ് ഇന്‍ഡോ-അമേരിക്കന്‍ ആണവകരാര്‍. അമേരിക്കയിലെ വമ്പന്‍ ആണവക്കമ്പനികളില്‍ സോണിയയ്ക്കും കുടുംബത്തിനും ഷെയര്‍ ലഭിക്കുന്ന കച്ചവടം കൂടിയാണിത്.


എന്നാല്‍, ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടല്‍ മൂലം ഈ സ്വപ്നം നടക്കാതെ പോയി. എങ്ങനെയെങ്കിലും ഭാവിയില്‍ ഇടതുപക്ഷത്തെ ദുര്‍ബ്ബലമാക്കി ഇന്ത്യയെ അമേരിക്കയുടെ പാളയത്തില്‍ തളയ്ക്കുക എന്നതാണ് ഇപ്പോള്‍ സോണിയയുടെയും, സോണിയാകോണ്‍ഗ്രസ്സിന്റെയും, ക്രൈസ്തവസഭകളുടെയും ലക്‍ഷ്യം. ക്രൈസ്തവസഭകള്‍ക്കു ശക്തിയുള്ള കേരളത്തില്‍,സഭയെ ഉപയോഗിച്ച് ഇടതുപക്ഷത്തെ പരമാവധി ദുര്‍ബലപ്പെടുത്തുക എന്നതാണിപ്പോള്‍ കോണ്‍ഗസ്സിന്റെ അജണ്ട.

അമേരിക്കയുടെ ഈ പ്രതിലോമ സാമ്രാജ്യത്വരാ‍ഷ്ട്രീയത്തെ സേവിക്കുകയാണ് ഇപ്പോള്‍ കേരളത്തിലെ ക്രൈസ്തവ നേതൃത്വം.ഇടതുപക്ഷത്തിനും അതിന്റെ നേതൃത്വം വഹിക്കുന്ന സി. പി. എമ്മിനും എതിരെ കേരളത്തിലെ ക്രൈസ്തവ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്ന പുതിയ യുദ്ധത്തിന്റെ പച്ചയായ രാഷ്ട്രീയം ഈ സാമ്രജ്യത്വ സേവയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പിന്തുണച്ചിരുന്ന ക്രൈസ്തവ സഭാനേതൃത്വം ആ പാരമ്പര്യം ഇപ്പോഴും തുടരുന്നു.